Latest Updates

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതുകൊണ്ടു ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ മനുഷ്യരുടേയും മൃഗങ്ങളുടേയും ജീവന് അപകടകാരിയാണ്. വൈദ്യുത ആശയവിനിമയ സംവിധാനങ്ങള്‍ക്കും വൈദ്യുതോപകരണങ്ങള്‍ക്കും ഗണ്യമായ നാശനഷ്ടം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണമെന്നും, തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഒഴിവാക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. ശക്തമായ കാറ്റും ഇടിമിന്നലും സാധ്യതയുള്ള സാഹചര്യത്തില്‍ ജനലും വാതിലും അടച്ച് വയ്ക്കണമെന്നും, അതിനോടടുത്ത് നില്‍ക്കരുതെന്നും മുന്നറിയിപ്പ് പറയുന്നു. കെട്ടിടത്തിനകത്ത് കഴിയുകയും ഭിത്തിയെയോ തറയെയോ പരമാവധി സ്പര്‍ശിക്കാതിരിക്കുകയും ചെയ്യണം. വൈദ്യുതോപകരണങ്ങളുടെ പവര്‍ കണക്ഷന്‍ വിച്ഛേദിക്കുകയും, അതിനോട് അടുപ്പമുള്ളത് ഒഴിവാക്കുകയും ചെയ്യണം. ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേഘാവൃതമായ അന്തരീക്ഷത്തില്‍ തുറസായ സ്ഥലങ്ങളിലും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും, വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുതെന്നും, വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യാതിരിക്കുകയും ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Get Newsletter

Advertisement

PREVIOUS Choice